ആശ്രിതവിസാ നടപടിക്രമങ്ങൾ കർശനമാക്കാനൊരുങ്ങി യുഎഇ. ഡിജിറ്റൽ ഗവൺമെന്റാണ് ആശ്രിത വിസയിൽ ബന്ധുക്കളെ യുഎഇയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. അഞ്ച് ബന്ധുക്കളെ താമസ വിസയിൽ കൊണ്ടുവരുന്നതിന് കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന.
അതേസമയം, ആറ് പേരെ സ്പോൺസർ ചെയ്യണമെങ്കിൽ 15,000 ദിർഹം ശമ്പളവും ഉണ്ടായിരിക്കണം. ആറിൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറലാണ് തീരുമാനമെടുക്കുക. എന്നാൽ പുതിയ നിയമം എന്നാണ് പ്രാബല്യത്തിൽ വരുകയെന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭ്യമായിട്ടില്ല. മാത്രമല്ല, ജീവിത പങ്കാളിയും മക്കളും ഉൾപ്പെടെയാണോ 5 പേരെ സ്പോൺസർ ചെയ്യാൻ സാധിക്കുന്നതെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും വ്യക്തമല്ല.
യുഎഇയിൽ റഡിസൻസ് വിസയുള്ളയാളുടെ ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വിസ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡൻസ് വിസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് കുറഞ്ഞത് 4,000 ദിർഹം ശമ്പളം വേണം. അല്ലെങ്കിൽ 3,000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉണ്ടായിരിക്കണം.
മാതാപിതാക്കളെ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും നിർബന്ധമാണ്. ഇതിനായി 5,000 ദിർഹം കെട്ടിവയ്ക്കുകയും വേണം. നാട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത, മാറ്റാരും നോക്കാനില്ലാത്ത പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ
കൊണ്ടുവരുന്നതിനായി പ്രത്യേക അനുമതിയും ആവശ്യമാണ്.