വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് ഗണേഷ് കുമാർ എംഎൽഎ.‘ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം ഒന്നുകൊണ്ടും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാനുണ്ട്’ എന്നും അദ്ദേഹം മഹേഷിനോട് പറഞ്ഞു.
മഹേഷിനെ വീട്ടിലെത്തിയാണ് ഗണേഷ് കുമാർ കണ്ടത്. ചികിത്സയും ചെലവുകളും ചോദിച്ചറിഞ്ഞ ഗണേഷ് എല്ലാ പിന്തുണയും ഉറപ്പുകൊടുത്തു.
‘ഞാൻ ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓർത്ത് നിങ്ങൾ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു’ മഹേഷിനെ ചേർത്തുപിടിച്ച് ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം ഉറപ്പ് നൽകി. അപകടത്തിൽ വായിലെ മുൻനിരയിലെ അടക്കം പല്ലുകൾ നഷ്ടമായിരുന്നു. മുഖത്തെ എല്ലുകൾക്കും കൈക്കും പൊട്ടലുണ്ട്. മൂക്കിനേറ്റ ക്ഷതം ശബ്ദത്തേയും മാറ്റി മറിച്ചു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം വീട്ടിലെത്തിയത്.
നടൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത്.എന്നാൽ വിശ്രമത്തിന് ശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ച് വരുമെന്ന് മഹേഷ് കുഞ്ഞുമോൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച തന്റെ വീഡിയോയിലൂടെ പറഞ്ഞു. ‘ഞാൻ തിരിച്ചു വരും, പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരായിരം നന്ദി’ വീഡിയോ പങ്കുവച്ച് മഹേഷ് കുഞ്ഞുമോൻ കുറിച്ചു.
കുറച്ചു നാളത്തേയ്ക്ക് ഞാൻ വേദിയിൽ കാണില്ല. റെസ്റ്റ് ആണ് വേണ്ടത്. ആരും അതിൽ വിഷമിക്കേണ്ട. പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് ഉണ്ടാവണം എന്നും മഹേഷ് പറഞ്ഞു.