കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനയാത്ര ദുഷ്കരമാണെന്ന് പ്രവാസികൾ. പ്രവാസി യാത്രക്കാരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടിയെടുക്കണമെന്നും ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആവശ്യപ്പെട്ടു. കൂടാതെ വിദേശ വിമാന കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അടക്കമുള്ള സാധ്യതകൾ ഇന്ത്യൻ സർക്കാർ പരിഗണിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സർവിസ് നടത്തിയിരുന്ന ചില സ്വകാര്യ വിമാന കമ്പനികൾ പ്രവർത്തനം നിർത്തിയത് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു.
കുവൈറ്റ് ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ നാട്ടിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് വിമാനങ്ങളുടെ സർവീസ് മുടങ്ങിയിരിക്കുന്നത്. ഇത് കണ്ണൂരിലേക്ക് യാത്ര ചെയുന്നതിനുള്ള ടിക്കറ്റ് ചാർജ് വർധനയ്ക്കും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടാക്കിയിരിക്കുയാണ്. ഇത്തരം പ്രതിസന്ധികൾ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, വ്യോമയാന മന്ത്രി എന്നിവർക്ക് കത്തയച്ചതായി ഫോക്ക് വൃത്തങ്ങൾ അറിയിച്ചു.