ഭവനവായ്പകളിലുൾപ്പെടെ ഈടായിവെച്ചിട്ടുള്ള വസ്തുക്കളുടെ അസൽരേഖകൾ വായ്പത്തിരിച്ചടവ് പൂർത്തിയായി 30 ദിവ ഉപഭോക്താക്കൾക്ക് ധനകാര്യസ്ഥാപനങ്ങൾ തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക്. നൽകാനായില്ലെങ്കിൽ വൈകുന്ന ഓരോദിവസവും ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യസ്ഥാപനം ഉപഭോക്താവിന് 5,000 രൂപ വീതം നഷ്ടപരിഹാരം നൽകണം. 2023 ഡിസംബർ ഒന്നുമുതലാകും നിർദേശങ്ങൾ പ്രാബല്യത്തിലാകുക.
നിശ്ചിതസമയത്തിനകം രേഖകൾ തിരിച്ചുനൽകാതിരിക്കുന്നത് തർക്കത്തിലേക്കും പരാതികളിലേക്കും നയിക്കുന്നതിനാലാണ് ഉപഭോക്താക്കൾക്കനുകൂലമായ നടപടി. തിരിച്ചടവു പൂർത്തിയായ വായ്പകളുടെ ഈടുരേഖകൾ തിരിച്ചുനൽകുന്നതു സംബന്ധിച്ച മാർഗനിർദേശം 2003 മുതൽ നിലവിലുള്ളതാണ്. എന്നാൽ, ചില സ്ഥാപനങ്ങൾ ഇത് കൃത്യമായി പാലിക്കുന്നില്ല.
പലസ്ഥാപനങ്ങളും പല നടപടിക്രമങ്ങളാണ് പിന്തുടരുന്നത്. ഇത് ഏകീകരിക്കാനും വായ്പകളിൽ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ഉത്തരവാദിത്വപൂർണമായ പെരുമാറ്റം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിർദേശങ്ങളെന്ന് ആർ.ബി.ഐ. വ്യക്തമാക്കി. എന്തുകൊണ്ടാണ് വീഴ്ചയുണ്ടായതെന്ന് ഉപഭോക്താക്കളെ അറിയിക്കണമെന്നും ആർ.ബി.ഐ. മാർഗനിർദേശത്തിൽ പറയുന്നു.