യുഎഇലേക്കുള്ള ഇന്ത്യൻ ഭക്ഷ്യ ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഭക്ഷ്യ ഉല്പന്നങ്ങളുടെ വ്യാപാരം വർധിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് അറിയിച്ചത്.
നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള കോഴിയിറച്ചി ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ 94.17 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഉത്തർപ്രദേശ് സംസ്ഥാനത്തെ പുർവാഞ്ചലിൽ നിന്ന് യുഎഇ വിപണിയിലേക്കുള്ള ഉരുളക്കിഴങ്ങിന്റെയും വാരണാസിയിൽ നിന്നുള്ള ആദ്യത്തെ വാട്ടർ ചെസ്റ്റ്നട്ടിന്റെയും ജമന്തിയുടെയും കയറ്റുമതിയിലും വർധനവുണ്ട്.
കൂടാതെ വാരണാസിയിൽ നിന്നുള്ള വാഴപ്പഴം, ഹോഗ് പ്ലം, ക്രാൻബെറി എന്നിവയും ഒഡീഷയിൽ നിന്നുള്ള മഞ്ഞ തണ്ണിമത്തൻ തുടങ്ങിയവയുടെ കയറ്റുമതിയിലും വർധനവ് രേഖപ്പെടുത്തി. ഭക്ഷ്യസുരക്ഷയും, വിപണിയുടെ സ്ഥിരതയുമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഭക്ഷ്യ ഉല്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.