എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുളള പ്രകൃതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് അധികൃതര്‍. അബുദാബിയില്‍ സൗദി അതിര്‍ത്തി മുതല്‍ ഫുജേറ വരെ വിവിധ എമിറേറ്റുകളിലൂടെ കടന്നുപോകുന്ന റെയില്‍ പാതയുടെ 70 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രകൃതി സംരക്ഷണം
നിർമ്മാണം വേഗത്തിലാക്കുന്നതിനനുസരിച്ച് 1,200 കിലോമീറ്ററിന് സമീപമുള്ള എത്തിഹാദ് റെയിൽ പാതയിൽ വന്യജീവി ഇടനാഴികളും പ്രത്യേക അനിമൽ ക്രോസിംഗുകളും സ്പീഡ് ലിമിറ്റുകളും നോ ഹോൺ സോണുകളും നിർമ്മിക്കുകയാണ്. ജൈവ വൈവിധ്യവും പ്രകൃതി പൈതൃകവും സംരക്ഷിക്കുന്നതിനായി 1,300 ഗഫ് മരങ്ങളും നൂറുകണക്കിന് സിദർ, ഈന്തപ്പനകളും മാറ്റിസ്ഥാപിച്ചതായും ഇത്തിഹാദ് റെയിലിലെ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ഖലൂദ് അൽ മസ്‌റൂയി മാധ്യമങ്ങളോട് വ്യക്തമാക്കി.
വനൃജീവികൾ സുരക്ഷിതര്‍
സംരംഭത്തിന്റെ ഭാഗമായി 242 ചെറുവിരലുകളുള്ള ഗെക്കോകൾ, 24 ബലൂച്ച് റോക്ക് ഗെക്കോകൾ, അഞ്ച് സോ-സ്കെയിൽഡ് വൈപ്പറുകൾ , യുഎഇയിൽ കണ്ടെത്തിയ വിഷപ്പാമ്പ് തുടങ്ങി മുന്നൂറിലധികം മാറ്റിപ്പാർപ്പിച്ചു. യുഎഇയുടെ വന്യജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതില്‍ ഇത്തിഹാദ് റെയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.
അതിവേഗ നിര്‍മ്മാണം
പദ്ധതിയുടെ ആദ്യ ഘട്ടം പ്രവർത്തനക്ഷമമാണ്. എമിറേറ്റുകളിലുടനീളം ചരക്കുകളും സാമഗ്രികളും കൊണ്ടുപോകുന്നതിനും എത്തിഹാദ് റെയില്‍ വഴിയൊരുക്കും. ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളുമായും റെയില്‍ ശൃംഖല ബന്ധിപ്പിച്ചുകഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി 2024ഓടെ എത്തിഹാദ് റെയില്‍ സഞ്ചാരത്തിനായി തുറന്നുകൊടുക്കുമെന്നാണ് നിഗമനം.