കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന കരിയറിൽ അറബിക് കാലിഗ്രാഫിക്ക് ഒട്ടേറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ യുഎഇ കാലിഗ്രാഫി കലാകാരി ഫാത്തിമ സയീദ് അൽ ബക്കാലി (50) അന്തരിച്ചു. തുർക്കിയിൽ നിന്നുള്ള തുളുത്ത്, നസ്ഖ്, ദിവാനി, ദിവാനി ജലി ലിപികളിൽ അംഗീകാരം നേടിയ ഗൾഫിലെ തന്നെ ആദ്യ കലാകാരിയായിരുന്നു ബക്കാലി.
2001-ൽ ക്രിയേറ്റീവ് മോഡേൺ സെൻ്ററിൽ നടന്ന അറബിക് കാലിഗ്രാഫി മത്സരത്തിലെ ബഹുമതികൾ ബക്കാലിയെ തേടിയെത്തിയിരുന്നു. കൂടാതെ യുവാക്കൾക്കുള്ള മികച്ച കലാസൃഷ്ടിയെന്ന നിലയിൽ പ്രശസ്തമായ അൽ ഒവൈസ് അവാർഡും കലയ്ക്കും സാഹിത്യത്തിനുമുള്ള എമിറാത്തി വനിതാ അവാർഡും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ബക്കാലിയ്ക്ക് ലഭിച്ചിട്ടുണ്ട്.
ബക്കാലിയുടെ കഴിവും അർപ്പണബോധവും യുഎഇയിലും രാജ്യാന്തര തലത്തിലും ഒട്ടേറെ പ്രദർശനങ്ങൾ, ശിൽപശാല, മേളകൾ എന്നിവിടങ്ങളിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. കൂടാതെ ദുബായ് അറബിക് കാലിഗ്രാഫി സെൻ്ററിൽ ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു..