ഖത്തറിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ തകൃതിയായി നടക്കുന്നു. രാജ്യം ഈദ് ആഘോഷത്തിൽ ആയതോടെ ബീച്ചുകളിലും പബ്ലിക് പാർക്കുകളിലും സന്ദർശകരുടെ തിരക്ക് ഏറുകയാണ്. രാജ്യമൊട്ടാകെ വ്യത്യസ്തമായ ഈദ് ആഘോഷ പരിപാടികളാണ് വൈകുന്നേരങ്ങളിൽ നടക്കുന്നത്. കത്താറ കൾചറൽ വില്ലേജ്, മിഷെറീബ് ഡൗൺ ടൗൺ ദോഹ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ മികച്ച പങ്കാളിത്തമുണ്ടായി.
കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ ഒട്ടേറെ പേരാണ് ആഘോഷത്തിനെത്തുന്നത്. മാൾ ഓഫ് ഖത്തർ, പ്ലേസ് വിൻഡോം എന്നിവിടങ്ങളിലെല്ലാം ഖത്തർ ടൂറിസത്തിന്റെയും വിവിധ നഗരസഭകളുടെയും നേതൃത്വത്തിലുള്ള ഈദ് ആഘോഷ പരിപാടികളാണ് നടക്കുന്നത്. കൂടാതെ മധ്യവേനൽ അവധി ആയതിനാൽ എല്ലായിടങ്ങളിലും പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
അതേസമയം മിഷെറീബിലെ പ്രധാന ആഘോഷ വേദിയായ ഗല്ലേറിയയിൽ ജൂലൈ മൂന്ന് വരെ വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി 10 മണി വരെയാണ് ആഘോഷം. കത്താറയിൽ ജൂലൈ ഒന്നുവരെയാണ് ആഘോഷങ്ങൾ നടക്കുക. കൂടാതെ വിവിധ പ്രവാസി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് സംഗമങ്ങളും ആഘോഷ പരിപാടകളും സജീവമാണ്. അതേസമയം സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലായിടങ്ങളിലും ട്രാഫിക് പൊലീസിന്റെയും സുരക്ഷാ അധികൃതരുടെയും സജീവ സാന്നിധ്യവും ഉണ്ട്.