കിംഗ് ഓഫ് കൊത്ത സിനിമാ പ്രമോഷനിടെ ദുൽഖറിൻ്റെ മാസ് ഡയലോഗ്. ഏഷ്യാ ലൈവിന് നൽകിയ അഭിമുഖം പകർത്തുന്നതിനിടെ തടയാനെത്തിയ സെക്യൂരിറ്റി ഗാർഡിനോടാണ് ദുൽഖൽ സിനിമാ സ്റ്റൈലിൽ പ്രതികരിച്ചത്. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ദുൽഖർ ഉൾപ്പടെയുളളവർ ദുബായിലെത്തിയപ്പോഴാണ് രസകരമായ സംഭവം.
എനിക്ക് ബുദ്ധിമുട്ടില്ലല്ലോ.. പിന്നെന്തിനാണ് താൻ കഷ്ടപ്പെടുന്നതെന്നായിരുന്നു സെക്യൂരിറ്റി ഗാർഡിനോടുളള ദുൽഖറിൻ്റെ ചോദ്യം.. ഇതിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ദുൽഖറിൻ്റെ നിലപാടിന് പ്രശംസിച്ചാണ് വീഡിയോയ്ക്ക് ലഭ്യമാകുന്ന കമൻ്റുകൾ. കൊത്ത എന്ന് വിളിക്കപ്പെടുന്ന ഒരു സാങ്കൽപ്പിക നാടിൻ്റെ കഥ പറയുന്നതാണ് ചിത്രം. സിനിമ പുതിയ തീയേറ്റർ അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും ദുൽഖർ പറഞ്ഞു.
സിനിമയുടെ പ്രദർശനം യുഎഇയിലെ തിയേറ്ററുകളിലും ആരംഭിച്ചു. മലയാളത്തിൽ ചിത്രീകരിച്ച കിംഗ് ഓഫ് കൊത്ത ജപ്പാൻ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിൽ നാല് ഭാഷകളിൽ റിലീസ് ചെയ്യും. ജിസിസിയിൽ ഫൺ ഏഷ്യ നെറ്റ്‌വർക്കാണ് ചിത്രം വിതരണം ചെയ്യുന്നത്. 140 ലധികം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
മലയാളത്തിലെ ഇതിഹാസ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമാണ്. നൈല ഉഷ, പ്രസന്ന, ഷബീർ കല്ലറക്കൽ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഒരു പാൻ ഇന്ത്യൻ നടൻ എന്ന നിലയിൽ താരപദവി ഉയർത്തിയാണ് ദുൽഖറിൻ്റെ ചിത്രം പ്രദർശനത്തിനെത്തുന്നത്.