ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മെഗാ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി ഡിപി വേൾഡുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.
ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായവും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രിയും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്. നിക്ഷേപവും സാമ്പത്തിക അവസരങ്ങളും വർധിപ്പിക്കാനുള്ള ദുബായുടെ പദ്ധതികൾക്ക് അനുസരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുക. ലോജിസ്റ്റിക്‌സ് ഹബ്ബിൻ്റെ നടത്തിപ്പ്, പ്രവർത്തനം, വികസനം എന്നിവയ്ക്കായി ഡിപി വേൾഡിനെ ചുമതലപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. അതേസമയം, പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
തന്ത്രപ്രധാനമായ സ്ഥലവും നൂതന സൗകര്യങ്ങളും ദുബായിയെ പ്രമുഖ കമ്പനികളെ ആകർഷിക്കുന്ന വാണിജ്യ, നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വിവിധ മേഖലകളിലുടനീളമുള്ള വിപണികൾ, കയറ്റുമതി, പുനർ കയറ്റുമതി പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഒരു മുൻനിര ലക്ഷ്യസ്ഥാനമായി മാറാനാണ് ദുബായ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.