ആഗോള തലത്തിൽ ശ്രദ്ധനേടി ദുബായ് പൊലീസ്. 15 രാഷ്ട്രങ്ങളിലെ നിയമ നിർവഹണ സംവിധാനങ്ങൾ ഒരുമിച്ച് നടത്തുന്ന ‘ഓപ്പറേഷൻ പിറ്റ്സ്റ്റോപ്’ എന്ന് പേരിട്ട അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടുന്നതിനുള്ള ഓപ്പറേഷനിലാണ് ദുബായ് പൊലീസ് മികവ് പുലർത്തിയത്. 1.6 കോടി ദിർഹം നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെയാണ് ദുബായ് പൊലീസ് സാഹസികമായി വലയിലാക്കിയത്.
ജപ്പാനിൽ നിന്ന് യുഎഇയിലെത്തിയ ഇയാളെ തന്ത്രപരമായാണ് ദുബായ് പൊലീസ് കുടുക്കിയത്. നികുതിവെടിപ്പ് നടത്തുന്ന വൻ ശൃംഖലയുടെ കണ്ണിയായ പ്രവർത്തിക്കുന്ന ഇയാൾ സ്പെയിൻ, റൊമാനിയ, എസ്റ്റോണിയ എന്നിവിടങ്ങളിലെ കമ്പനികൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇറ്റലി കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇവർ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി 40 ദശലക്ഷം യൂറോ മൂല്യമുള്ള കച്ചവടം നടത്തിയതായി കാണിച്ച് തെറ്റായ മൂല്യവർധിത നികുതി വെളിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.
അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടുന്നതിൽ വിവിധ അതിർത്തികളിൽ ദുബായ് പൊലീസ് ഉദ്യോഗസ്ഥർ പുലർത്തുന്ന ജാഗ്രതയെ ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അഭിനന്ദിച്ചു. ഇതിന് മുമ്പും നിരവധി സന്ദർഭങ്ങളിൽ അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടുന്നതിൽ ദുബായ് പൊലീസ് സുപ്രധാന പങ്കുവഹിച്ചിരുന്നു.