തടവുകാർക്കും കുടുംബത്തിനും കൈത്താങ്ങായി ദുബായ് പൊലീസ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തടവുകാർക്കായി ദുബായ് പൊലീസ് ചെലവഴിച്ചത് 2.6 കോടി ദിർഹമാണ്. തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന്റെയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി വിവിധ പദ്ധതികളാണ് ദുബായ് പോലീസ് നടപ്പിലാക്കിയത്.
കുറ്റവാളികൾക്ക് തങ്ങളുടെ തെറ്റ് തിരുത്താനും കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കുന്നതിനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് 2.6 കോടി ദിർഹം ഉപയോഗിച്ച് പൊലീസ് നടപ്പിലാക്കിയത്. ഇതിൽ 79 ലക്ഷം യാത്ര ടിക്കറ്റ് നിരക്കിനും മറ്റുമായാണ് ചെലവഴിച്ചത്. പെരുന്നാൾ വസ്ത്രം, റമദാൻ റേഷൻ എന്നിവയ്ക്കായി 8 ലക്ഷത്തിലധികം ദിർഹവും തടവുകാരുടെ കടം വീട്ടൽ, ഖുർആൻ മനപ്പാഠമാക്കൽ എന്നിവയ്ക്കായി 10 ലക്ഷം ദിർഹവും ചികിത്സയ്ക്കും വീൽചെയർ ഉൾപ്പെടെയുള്ളവയ്ക്കായി 61,885 ദിർഹവും ചെലവിട്ടുകഴിഞ്ഞു.
തടവുകാരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ദിർഹം സഹായവും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്‌കൂളിലേക്ക് അവശ്യമായ വസ്‌തുക്കൾ വാങ്ങുന്നതിനും 3.13 ലക്ഷവും, അതോടൊപ്പം ദിയാധനമായി 20.5 ലക്ഷം ദിർഹവും ഇതിനോടകം നൽകിയിട്ടുണ്ട്. തടവുകാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തുടർന്നും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും നടപ്പിലാക്കുമെന്നും ജയിൽ വകുപ്പ് ഡയറക്‌ടർ ബ്രി. മർവാൻ അബ്‌ദുൽ കരീം ജൽ ഫാർ പറഞ്ഞു.