ലോകത്തിലെ ഏറ്റവും വലിയതും ദുബായിൽ സഞ്ചാരികളെ ആകർഷിക്കുന്നതുമായ ജുമൈറയിലെ പ്രധാന ജലധാര പാം ഫൌണ്ടൻ അടയ്കുന്നതായി അറിയിപ്പ്. മേയ് 12 മുതൽ മേയ് 14 വരെ മാത്രമായിരിക്കും പാം ഫൗണ്ടൻ്റെ ഷോ കാണാൻ സീസണിൽ അവരസമുണ്ടാവുക. വേനൽക്കാല പ്രദർശനത്തിന് ശേഷം പാം ഫൗണ്ടൻ മെയ് 15 തിങ്കളാഴ്ച അടയ്ക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് അധികൃതർ അറിയിച്ചത്.
മനുഷ്യനിർമ്മിത ദ്വീപായ പാം ജുമൈറയിലാണ് പാം ഫൌണ്ടൻ്റെ പ്രവർത്തനം. 2020 ഒക്‌ടോബർ 22-നാണ് ദി പോയിൻ്റിലെ വലിയ ജലധാര പ്രദർശനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജലധാരയെന്നാ റെക്കോർഡ് പാം ഫൌണ്ടൻ്റെ പേരിലാണ്. ദുബായ് മാളിലേതിനേക്കാൾ വലിയ പ്രദർശനമാണ് ഇവിടെയുണ്ടായിരുന്നത്.
3,000 എൽഇഡി ലൈറ്റുകളും 7,500 നോസിലുകളും ഉപയോഗിച്ചാണ് പ്രദർശനം. കൂടാതെ 105 മീറ്റർ ഉയരത്തിൽ വരെ വെള്ളം പമ്പ് ചെയ്യാനും ആകർഷകമാക്കാനും കഴിയും. അറ്റ്ലാന്റിസ് ദി പാം മുതൽ ഉൾക്കടലിലുടനീളം 14,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പ്രദർശനം. പ്രത്യേക ആഘോഷ വേളകളിൽ ദുബായിലെ കരിമരുന്ന പ്രയോഗങ്ങളും ഇതേ വേദിയിൽ സംഘടിപ്പിക്കാറുണ്ട്.
ജലധാര പ്രദർശനങ്ങൾ വൈകിട്ട് 7 മണി മുതൽ ദിവസേന അഞ്ച് തവണയാണ് നടക്കുന്നത്. ഒരോ വർഷവും ട്രാക്കുകൾ മാറുന്നതും പതിവാണ്. പോപ്പ്, ക്ലാസിക്, ഖലീജി ഹിറ്റ് സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന ജലധാര പ്രത്യേക ആകർഷണമാണ്.