ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26ന് തുടക്കമാകും. 30 ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ച് നവംബർ 24 വരെയാണ് സംഘടിപ്പിക്കുന്നത്. ദുബായിലെ നിവാസികൾക്കിടയിലും സഞ്ചാരികൾക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കുന്നത്.
ഒരു മാസത്തെ കാലയളവിൽ ദിവസവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്. ദൈനംദിന ജീവിതത്തിൽ കായിക വിനോദങ്ങളുടെയും വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ദുബായ് ഫിറ്റ്നസ് ചലഞ്ച് അധികൃതർ വ്യക്തമാക്കി.