ദുബായ് നഗരത്തെ “ഭാവിയിലെ മുൻനിര നഗരം” ആക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക നേതൃത്വ പദ്ധതിയ്ക്ക് തുടക്കം. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് പദ്ധതി. ദുബായ് ഫ്യൂച്ചർ ഫെലോഷിപ്പ് പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വരും വർഷങ്ങളിൽ ദുബായുടെ സാമ്പത്തിക മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിന് ഉറച്ച അടിത്തറയിടുകയാണ് ഉദ്ദേശമെന്ന് ദുബായ് കിരീടാവകാശി പറഞ്ഞു.
കൂടാതെ നവീകരണത്തിനുള്ള പ്രാദേശികവും ആഗോളവുമായ ഹബ് എന്ന നിലയിൽ ദുബായുടെ പദവി ഉറപ്പിക്കും. പുതിയ പദ്ധതിക്ക് കീഴിൽ എമിറേറ്റിൻ്റെ നയങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നവരെ ഉൾപ്പെടുത്തും. പദ്ധതി നടത്തിപ്പിനായി വിദഗ്ധർ, സംരംഭകർ, നവീനർ, അന്തർദേശീയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവരെ കണ്ടെത്തിയിട്ടുണ്ട്.
ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്രെ മേൽനോട്ടത്തിലാണ് ദുബായ് ഫ്യൂച്ചർ ഫെലോഷിപ്പ് പദ്ധതി. എല്ലാവർക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള ഫലപ്രദമായ സംഭാഷണത്തിന് ഒരു വേദിയായിരിക്കും ഇതെന്നും ശൈഖ് ഹംദാൻ പറഞ്ഞു. ദുബായുടെ കുതിപ്പിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായിരുക്കും ഈ സംരംഭമെന്ന് ശൈഖ് ഹംദാൻ സൂചിപ്പിച്ചു.
സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ പങ്കാളികൾക്ക് പദ്ധതിയിലൂടെ പ്രധാന പങ്ക് വഹിക്കാനാകും. പുതിയ സഹകരണങ്ങൾ രൂപപ്പെടുത്തുക, വെല്ലുവിളികൾ കണ്ടെത്തുക, ഭാവിയിലെ പരിപാടികൾ മുൻകൂട്ടി വിഭാവനം ചെയ്ത് നടപ്പാക്കുക എന്നിവയാണ് ഫ്യൂച്ചർ ഫെലോഷിപ്പിൻ്റെ ഉത്തരവാദിത്വം.