ശക്തമായ മഴയേത്തുടർന്ന് പ്രവർത്തനം താറുമാറായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർവസ്ഥിതിയിലേയ്ക്ക് മടങ്ങിയെത്തി. വിമാനത്താവളത്തിന്റെയും സർവ്വീസുകളുടെയും പ്രവർത്തനം സാധാരണ നിലയിലായതായും നിലവിൽ പ്രതിദിനം 1,400 വിമാനങ്ങൾ ഇവിടെ നിന്നും സർവീസ് നടത്തുന്നതായും ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത് അറിയിച്ചു.
യുഎഇയിൽ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ശക്തമായ മഴയ്ക്ക് ശേഷം ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2,155 വിമാനങ്ങൾ റദ്ദാക്കുകയും 115 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിൽ നിന്നുള്ള വെള്ളക്കെട്ട് പൂർണ്ണമായും നീക്കം ചെയ്തതോടെയാണ് വിമാനത്താവളം പൂർണ്ണമായും പ്രവർത്തനസജ്ജമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുന്നതിന്റെയും പ്രവർത്തനങ്ങൾ സുഗമമായി നിലനിർത്തുന്നതിന്റെയും ഭാഗമായി വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ ടെർമിനലിൽ എത്തിച്ചേരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.