യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. 2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിളിറ്റി ആന്റ് എത്തിക്‌സിന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് നൽകിയത്.
ഇതോടെ യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപ്. 2024 ൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി മത്സരത്തിൽ മുൻപന്തിയിലാണ് ട്രംപ്. അതിനാൽ തന്നെ ട്രംപിനെതിരായ കോടതി വിധി അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് സാധ്യതകൾക്ക് മങ്ങലേൽപ്പെടുത്തി.
ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡോണൾഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ 14-ാം അമൻഡ്‌മെന്റിലെ 3-ാം വകുപ്പ് പ്രകാരം ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു.