2022 ലോകകപ്പിന് മുന്നോടിയായ പഴയ ദോഹ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും സജീവമാകുന്നു. വിമാനഗതാഗത തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ദോഹ വിമാനത്താവളം നവീകരിക്കുന്നത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 2014-ൽ സ്ഥാപിച്ചതുമുതൽ ദോഹ രാജ്യാന്തര വിമാനത്താവളം വഴിയുളള യാത്രകൾ പരിമതിപ്പെടുത്തിയിരുന്നു.
നവംബർ മുതൽ ഡിസംബര്‍ വരെ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനോട് അനുബന്ധിച്ച് ഒരു ദശലക്ഷത്തിലധികം സന്ദർശകര്‍ ഖത്തറിലെത്തുമെന്നാണ് നിഗമനം. പുതയ സര്‍വ്വീസിന്‍റെ ഭാഗമായി ദോഹ വിമാനത്താവളത്തിലേക്ക് ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. കുവൈറ്റിലെ ജസീറ എയർവേയ്‌സ്, യുഎഇ ഫ്ലൈ ദുബായ്, ഒമാനിലെ സലാം എയർ, തുർക്കിയിലെ പെഗാസസ് എയർലൈൻസ് എന്നിവ ദോഹ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
കൂടുതല്‍ യാത്രക്കാരെത്തുന്നതും വിമാനകമ്പനികൾ ഷട്ടില്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നതും കണക്കിലെടുത്താണ് കൂടുതല്‍ സൗകര്യം ഒരുക്കുന്നത്. ഇതോടെ ഹമദ് വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. നിലവില്‍ ഖത്തറിലെ രാജകുടുംബത്തിന്റെയും വിഐപികളുടെയും വ്യോമസേനയുടേയും വിമാന സർവീസുകൾക്കാണ് ദോഹ വിമാനത്താവളം ഉപയോഗിക്കുന്നത്.