അരനൂറ്റാണ്ട് കുളിക്കാതെ ജീവിച്ച മനുഷ്യൻ 94ാം വയസ്സിൽ അന്തരിച്ചു. ഇറാൻകാരൻ അമൌ ഹാജിയാണിത്. ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ’ എന്നായിരുന്നു അമൌ ഹാജിയെ ലോകം വിശേഷിപ്പിച്ചത്. 50 വർഷത്തിലധികമായി ഇയാൾ കുളിച്ചിട്ടില്ലായിരുന്നു. ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎയാണ് അമൌ ഹാജിയെ മരണപ്പെട്ടതായി വാർത്ത പുറത്തുവിട്ടത്.
അഞ്ച് പതിറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ചത് തൻ്റെ ആരോഗ്യം സംരക്ഷിക്കാനാണെന്ന് ഇയാൾ വാദിച്ചിരുന്നു. വെള്ളവും സോപ്പും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചു മാസം മുന്‍പ് ഗ്രാമവാസികള്‍ ഒത്തുകൂടി ഇദ്ദേഹത്തെ കുളിപ്പിച്ചതായാണ് വിവരം. ഒരുപാട് തവണ കുളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല.
കുളിച്ചാൽ തനിക്ക് അസുഖം വരുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമായിരുന്നു ഹാജി വിശ്വസിച്ചിരുന്നത്. 50 വർഷം കുളിക്കാതിരുന്നിട്ട് കുളിച്ചതിനു പിന്നാലെ രോഗബാധിതനായാണ് ഹാജി ഞായറാഴ്ച മരിച്ചത്. പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയപ്പെട്ട ഭക്ഷണമെന്ന് 2014ൽ ടെഹ്റാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനിൽനിന്നുള്ള മോശമായ വെള്ളവുമായിരുന്നു സ്ഥിരം ഭക്ഷണം. പുകവലി ശീലമായിരുന്നു.
ഇറാനിലെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വർഷങ്ങളായി ജീവിച്ചിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിലക്ക് നയിച്ചതെന്നാണ് ഗ്രാമവാസികൾ പറയുന്നത്.