റോഡ് ക്രോസിംഗുകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉത്തരവാദിത്തമുണ്ട്. യാത്രക്കാരുടെ സുരക്ഷ നിലനിർത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും വീണ്ടും നിർദ്ദേശം നൽകിയിരിക്കുകയാണ് യുഎഇ അധികൃതർ.
2023 പ്രവർത്തന പദ്ധതിയിൽ ഉമ്മുൽ ഖുവൈൻ പോലീസ് ഇതിനോടകം തന്നെ ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ ഭാഗമായാണ് കാമ്പയിൻ നടത്തുന്നതെന്ന് കേണൽ മുഹമ്മദ് ഉബൈദ് യൂസഫ് മുഹമ്മദ് ബിൻ ഹദീബ പറഞ്ഞു.
കാൽനടയാത്രക്കാർക്ക് ശരിയായ വഴി നൽകുന്നതിനെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവൽക്കരിക്കുക, നിയുക്ത സ്ഥലങ്ങളിൽ മാത്രം റോഡ് മുറിച്ചുകടക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാൽനടയാത്രക്കാർക്കിടയിൽ അവബോധം പ്രചരിപ്പിക്കുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. നിയുക്ത സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകാത്ത വാഹനമോടിക്കുന്നവർക്കുള്ള പിഴ 500 ദിർഹവും അവരുടെ ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ആണ്. അനധികൃതമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ ലഭിക്കും.