കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. അപ്ഡേറ്റ് ഫ്ലൈറ്റ് വിവരങ്ങൾ ലഭിക്കുന്നതിന് എയർലൈനുകളുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഡൽഹി എയർപോർട്ട് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം 35 മിനിറ്റ് വൈകി. രാവിലെ 7.45ന് (IST) പുറപ്പെടേണ്ടിയിരുന്ന വിമാനം 8.20നാണ് (IST) പുറപ്പെട്ടത്. അതിനിടെ ഡൽഹി-എൻസിആറിന്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ പെയ്തു. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന ചൂടുള്ള കാലാവസ്ഥയിൽ നിന്ന് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി ശനിയാഴ്ച രാവിലെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് ഡൽഹിയിൽ മഴ പെയ്യുമെന്നും മെയ് 30 വരെ ചൂട് തരംഗം ഉണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.