ഷാർജ ദൈദ് ഇത്തപ്പഴ മേള ജൂലൈ 27-ന് ആരംഭിക്കും. രാജ്യത്തെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചുവരുന്ന ഈത്തപ്പഴ മേളയുടെ ഏഴാം എഡിഷനാണ് ഈ മാസം ആരംഭിക്കുന്നത്. നാല് ദിവസങ്ങളിലായി നടത്തപ്പെടുന്ന മേളയിൽ നൂറുകണക്കിന് ഈത്തപ്പഴ കർഷകർ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻ്റ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന മേള 30ന് സമാപിക്കും.
മേളയിൽ മികച്ച റതബ് ഈത്തപ്പഴം, ഏറ്റവും വലിയ ഈന്തപ്പഴക്കുല, ഏറ്റവും മനോഹരമായ ഈന്തപ്പഴ ബാസ്കറ്റ്, അത്തിപ്പഴം തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് എട്ട് ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ നൽകുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഈന്തപ്പഴ കൃഷിയുടെ സാമൂഹിക, സാംസ്കാരിക പൈതൃകമൂല്യം നിലനിർത്തുന്നതിന് യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫെസ്റ്റിവൽ നടത്തുന്നത്.