ദുബായ് വിമാനത്താവളത്തിൽ അടുത്തിടെ കുട്ടികൾക്കായി ആരംഭിച്ച പ്രത്യേക എമിഗ്രേഷൻ കൗണ്ടർ സേവനം കൂടുതൽ വിപുലമാക്കാൻ ഒരുങ്ങുന്നു. എല്ലാ ടെർമിനലുകളിലും അറൈവൽ ഭാഗത്ത് കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.
ദുബായിൽ വന്നിറങ്ങുന്ന കുട്ടികൾക്ക് പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ സാധിക്കുന്ന പ്ലാറ്റ്ഫോമാണിത്. നിലവിൽ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ മാത്രമാണ് പ്രത്യേക കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്. അതേസമയം കുട്ടികൾക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ എമിഗ്രേഷൻ സംവിധാനമാണ് ഈ കൗണ്ടർ. കഴിഞ്ഞമാസം ഈദുൽ ഫിത്വർ ദിനത്തിലാണ് പുതിയ സംരംഭം ആരംഭിച്ചത്. നാല് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പുതിയ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുക. കൂടാതെ കുട്ടികളുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിന് പ്രത്യേക പരിശീലനം നൽകിയ പാസ്പോർട്ട് ഓഫീസർമാരെയും വിദഗ്ധ ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ടെന്നും അൽ മർറി കൂടിച്ചേർത്തു.
വിമാനത്താവളത്തിലെ ഈ സേവനം ആദ്യാനുഭവമായതിനാൽ കുട്ടികൾക്ക് സന്തോഷകരമായ അനുഭവം നൽകാൻ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾക്ക് കഴിയുമെന്ന് ദുബൈ എമിഗ്രേഷൻ ഹാപ്പിനസ് സർവീസസ് ഡയറക്ടർ കേണൽ സാലിം ബിൻ അലി പറഞ്ഞു. കുട്ടികൾ വിമാനത്താവളത്തിൽ എത്തുന്നത് മുതൽ അവരുടെ യാത്രയുടെ ഓരോ ഘട്ടത്തിലും സന്തോഷവും ഉപഭോക്തൃ സംതൃപ്തിയും പ്രോത്സാഹിപ്പിക്കാനാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം കുട്ടി യാത്രക്കാരുമായി രസകരമായ രീതിയിൽ ഇടപഴകുന്നതിന് ശിശുസൗഹൃദ- യാത്രാ സേവനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ സജ്ജീകരിക്കാൻ ദുബായ് ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വിമാന യാത്ര കൂടുതൽ ആസ്വാദ്യകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.