സൗദി അറേബ്യയിലെ ത്വാഇഫിൽ പൊതുഗതാഗത ബസ് സർവിസ് പദ്ധതിയ്ക്ക് തുടക്കമായി. ത്വാഇഫ് മേയർ നാസിർ അൽ റുഹൈലി, സൗദി ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) സി.ഇ.ഒ തുർക്കി ബിൻ ഇബ്രാഹിം അൽ സുബൈഹി, പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് എന്നിവരുടെ സാന്നിധ്യത്തിൽ ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
രാജ്യത്ത് എല്ലായിടത്തും പൊതുഗതാഗതം സ്ഥാപിക്കാനുള്ള പദ്ധതികളുടെ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന ബസ് സർവിസാണിത്. കൂടാതെ ത്വാഇഫിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ ബസ് സർവിസ്. ഒമ്പത് പ്രധാന പാതകളിലായി 182 സ്റ്റോപ്പുകളിലൂടെ പ്രതിവർഷം 20 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി പറഞ്ഞു.
ഒരു ദിവസം 18 മണിക്കൂറിൽ 58 ബസുകൾ സർവിസ് നടത്തും. ഗതാഗത സുരക്ഷയുടെ നിലവാരം വർധിപ്പിക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വേണ്ടി കാർബൺ പുറന്തള്ളലും പരിസ്ഥിതി മലിനീകരണവും കുറക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി കൂട്ടിച്ചേർത്തു. കൂടാതെ സേവനം ലഭ്യമാക്കുന്നതിന് സാപ്റ്റ്കോ കമ്പനി ഒരു ഇലക്ട്രോണിക് ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്.
അതേസമയം ‘ത്വാഇഫ് ബസ്’ ആപ്ലിക്കേഷൻ വഴി എളുപ്പത്തിലും സൗകര്യപ്രദമായും ആളുകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. രാജ്യത്തെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നപൊതുഗതാഗത പദ്ധതികളിൽ ഒന്നാണ് ത്വാഇഫിലെ ബസ് ഗതാഗത പദ്ധതി. ഒമ്പത് നഗരങ്ങളും ഗവർണറേറ്റുകളും ഉൾപ്പെടുന്ന ഈ പൊതുഗതാഗത പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ വർഷമായിരുന്നു പ്രഖ്യാപിച്ചത്.