ഒമാനിലെ റുസ്താഖിലുള്ള ഖസ്ര ഗ്രാമത്തിലെ 400 വർഷം പഴക്കമുള്ള ബൈത്ത് അൽ ഗർബി തകർന്നു. പ്രശസ്ത വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രമായിരുന്നു ഈ ഭവനം. പുനരുദ്ധാരണം നടത്താൻ ദീർഘകാലമായി കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. പുരാതന വസ്തുക്കളുടെ ഒരു വലിയ ശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് ബൈത്ത് അൽ ഗർബിയുടെ സ്ഥാപകയായ സകിയ നാസർ അൽ ലംകിയ പറഞ്ഞു.
മൂന്ന് നിലകളിലായി 14 മുറികളായിരുന്നു മ്യൂസിയത്തിന് ഉണ്ടായിരുന്നത്. ജർമനി, ബ്രിട്ടൻ, ജി.സി.സി എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർ ഉൾപ്പെടെ ഓരോ മാസവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ എത്തിയിരുന്നത്. പെരുന്നാളിനോടനുബന്ധിച്ച് അവധി ദിവസങ്ങളിൽ വിദ്യാർഥികൾ അടക്കമുള്ള ആളുകളും ഇവിടം സന്ദർശിച്ചിരുന്നുവെന്ന് സകിയ പറഞ്ഞു. അദ്ദേഹത്തിന്റെ പൂർവികർ ഉപയോഗിച്ചിരുന്ന വീട് 2016ലാണ് സകിയ മ്യൂസിയമാക്കി മാറ്റിയത്.
മ്യൂസിയം അടച്ച് പൂട്ടാനുള്ള തീരുമാനത്തിൽ ദുഃഖം പ്രകടിപ്പിച്ച സകിയ അത് പുനഃസ്ഥാപിക്കുന്നതിനുള്ള സഹായത്തിനായി സ്വകാര്യ മേഖലയോടും ബന്ധപ്പെട്ട പൗരന്മാരോടും അഭ്യർഥിച്ചിട്ടുണ്ട്. പുനരുദ്ധാരണത്തിന് വലിയ സാമ്പത്തിക ചെലവ് വരും. എങ്കിലും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം മേഖലയെ പിന്തുണക്കുന്നതിനും ഇത് പുനർനിർമിക്കേണ്ടത് അനിവാര്യമാണെന്ന് സകിയ കൂട്ടിച്ചേർത്തു.