ബഹ്റൈൻ-ഖത്തർ വിമാന സർവിസ് ഈ മാസം 25ന് പുനരാരംഭിക്കും. നിലവിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ദോഹയിലേക്ക് പോകുന്നത് ഒമാനിലൂടെയും കുവൈത്ത് വഴിയുമാണ്. ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സർവിസ് പുനരാരംഭിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു. പൗരന്മാരുടെ പൊതുവായ ആഗ്രഹം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.
അതേസമയം 2017ൽ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് വ്യോമ ഗതാഗതവും നിർത്തിവച്ചത്. നയതന്ത്ര ബന്ധവും യാത്രാ മാർഗവും ഇതേത്തുടർന്ന് നിശ്ചലമാവുകയും ചെയ്തു. 2021ൽ സൗദിയിൽ വച്ച് നടന്ന അൽ ഉല ഉച്ചകോടിക്കു പിന്നാലെയാണ് ഉപരോധം നീക്കിയതും വിവിധ രാജ്യങ്ങൾ ഖത്തറുമായി തിരിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതും. എന്നാൽ ബഹ്റൈനും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം മാത്രം ഇതുവരെ പുനരാരംഭിച്ചിരുന്നില്ല.
റിയാദിലെ ജിസിസി ആസ്ഥാനത്ത് നടന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ തല ഫോളോഅപ് കമ്മിറ്റിയിൽ ആണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് വിമാനയാത്രയും പുനരാരംഭിക്കുന്നതിനുള്ള വഴിയൊരുങ്ങുന്നത്. വിമാനയാത്ര സൗകര്യം നിലവിൽ വന്ന് കഴിയുന്നതോടെ ഇരുരാജ്യങ്ങളുടെയും ദേശീയ എയർലൈൻ കമ്പനികളായ ഖത്തർ എയർവേസ്, ഗൾഫ് എയർ എന്നിവയുടെ സർവിസുകൾ സജീവമാവും. ബിസിനസ് സമൂഹമുൾപ്പെടെയുള്ള പ്രവാസി മലയാളികൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നും അധികൃതർ അറിയിച്ചു.