അബുദാബിയിലെ നിരത്തിലൂടെ മിന്നിപ്പായാൻ ഓട്ടോണമസ് റെയിൽ റാപിഡ് ട്രാൻസിറ്റ് എത്തി. ബസിന്റെയും ട്രാമിന്റെയും സംയോജിത റെയിൽരഹിത വാഹനമായ ഓട്ടോണമസ് റെയിൽ റാപിഡ് ട്രാൻസിറ്റ് (എ.ആർ.ടി) വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അബുദാബിയിലെ നിരത്തിലിറങ്ങുക. യാസ് ഐലൻഡിലും സഅദിയാത്ത് ഐലൻഡിലമായി മുമ്പ് സർവീസ് നടത്തിയിരുന്ന എ.ആർ.ടിയിൽ 200 യാത്രികർക്ക് സുഖമായി യാത്രചെയ്യാൻ സാധിക്കുന്ന വിധത്തിൽ മൂന്ന് ബോഗികളാണ് നിർമ്മിച്ചിരിക്കുന്നത്. റീം മാളിൽ നിന്ന് മറീന മാൾ വഴി സായിദ് ഫസ്റ്റ് സ്ട്രീറ്റിലേക്കാണ് എ.ആർ.ടി സർവീസ് നടത്തുക.
റീം മാളിൽ നിന്നുള്ള ആദ്യ സർവീസ് രാവിലെ പത്ത് മണിക്കാണ് ആരംഭിക്കുക. ഉച്ചക്ക് രണ്ടിനാണ് അവസാന സർവീസ്. തിരിച്ച് മറീന മാളിൽ നിന്ന് ആദ്യ സർവീസ് രാവിലെ 11 മണിക്കും അവസാന സർവീസ് വൈകിട്ട് മൂന്ന് മണിക്കുമാണ്. യാത്രക്കാർക്ക് സുഖമായി യാത്രചെയ്യുന്നതിനായി മികച്ച സീറ്റുകൾ, നിന്ന് യാത്ര ചെയ്യുന്നവർക്കായി കൈപ്പിടികൾ, പനോരമിക് ജനാലകൾ, സ്റ്റോപ്പുകൾ എഴുതിക്കാണിക്കുന്നതിന് ഡിജിറ്റൽ ബോർഡുകളുൾപ്പെടെ എല്ലാ സൗകര്യവും എ.ആർ.ടിയിൽ ഒരുക്കിയിട്ടുണ്ട്.
റീമാളിൽ നിന്ന് ആരംഭിക്കുന്ന എ.ആർ.ടി ഗലേരിയ അൽ മറിയ ഐലൻഡ്, മറീന സ്ക്വയർ, ഷെയ്ഖ ഹസ്സ ബിൻ സുൽത്താൻ മോസ്ക്, ഖസ്ർ അൽ ഹോസൻ, ഖാലിദിയ പാർക്ക്, അബുദാബി ഊർജകേന്ദ്രം, ഷെയ്ഖ ഫാത്തിമ പാർക്ക്, കോർണിഷ്, എൻ.എം.സി സ്പെഷാലിറ്റി, എൽ.എൽ.എച്ച് സിറ്റി സീസൺസ് അൽ ഹാംറ, ഷെറാട്ടൺ അൽ ഖാലിദിയ, റിക്സോസ് മറീന അബുദാബി തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെയാണ് മറീന മാളിൽ എത്തുക.