ഇന്ത്യൻ കോൺസുലേറ്റിൻ്റെ അറ്റസ്‌റ്റേഷൻ സേവനം ഈ മാസം 7 മുതൽ പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. ഈ സേവനം നൽകുന്ന ഐവിഎസ് ഗ്ലോബലിൻ്റെ ഓഫീസാണ് കൂടുതൽ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്നത്. ഊദ് മേത്തയിലെ അൽനാസർ സെൻട്രലിൽ ഓഫീസ് നമ്പർ 104, 302 എന്നിവിടങ്ങളിലായിരിക്കും ഇനി മുതൽ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനം ലഭിക്കുക.
പുതിയ കെട്ടിടത്തിലേക്കു മാറുന്നതിൻ്റെ ഭാഗമായി ഈ മാസം 5ന് സേവനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അൽ നാസർ ക്ലബിന് സമീപമാണ് 6,400 ചതുരശ്ര അടി വിസ്‌തീർണമുള്ള പുതിയ കെട്ടിടം സ്ഥിതിചെയ്യുന്നത്. ദിവസേന ശരാശരി 250 അറ്റസ്‌റ്റേഷൻ നടക്കാൻ ഇവിടെ സൗകര്യമുണ്ടാകും. നടപടികൾ 48 മണിക്കൂറിനകം പൂർത്തിയാക്കാനും സാധിക്കും.
അറ്റസ്‌റ്റേഷൻ, അഫിഡവിറ്റ്, പവർ ഓഫ് അറ്റോണി തുടങ്ങിയ സേവനത്തിന് എത്തുന്നവർ SGIVS വെബ്സൈറ്റ് വഴി ബുക്ക് ചെയ്യണം. മാത്രമല്ല കേന്ദ്രത്തിൽ നേരിട്ട് എത്താൻ സാധിക്കാത്ത വയോധികർ, രോഗികൾ എന്നിവർക്ക് വീട്ടിലെത്തി സേവനം നൽകുന്ന ഹോം സർവീസുമുണ്ട്.