യുഎഇയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ നിർദേശം. സ്വകാര്യ മേഖലയിൽ നാളെ ജോലി സമയങ്ങളിൽ ഇളവ് വരുത്തണമെന്നും യുഎഇ തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ശക്തമായ മഴയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. എന്നാൽ ഇത് സംബന്ധിച്ച തീരുമാനം ഇതുവരെ വ്യക്തമായിട്ടില്ല.
കനത്ത മഴയ്ക്ക് പുറമെ വിവിധ മേഖലകളിൽ പൊടിക്കാറ്റിനും സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്. ഷാർജ, അജ്മാൻ, ദുബായ്, ഉമ്മുൽഖുവൈനിലെ ചില പ്രദേശങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിൽ ഇടത്തരം മഴയായിരിക്കും ലഭിക്കുക. എന്നാൽ ഫുജെെറയിൽ കനത്ത മഴക്കാണ് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് വെെകുന്നേരത്തോടെ മഴ പെയ്ത് തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഫുജെെറയിലെ വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിലാണ് കനത്ത് മഴ ലഭിക്കുകയെന്നാണ് വിലയിരുത്തൽ. കൂടാതെ വലിയ കാറ്റിനും സാധ്യതയുണ്ട്. അന്തരീക്ഷ താപനില കുറയുന്നതിനാൽ രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും തണുപ്പായിരിക്കും വരും ദിവസങ്ങളിൽ അനുഭവപ്പെടുക. അറേബ്യൻ കടലും ഒമാൻ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും തീരദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.