ചിന്നക്കനാലിലും ശാന്തൻപാറയിലും നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യം ആദ്യ ദിവസം ലക്ഷ്യം കണ്ടില്ല.
വനംവകുപ്പിന്റെ ദൗത്യം ഇന്നത്തേക്ക് നിർത്തിവെച്ചു. നാളെ വീണ്ടും ദൗത്യം തുടരുമെന്നാണ് വിവരം. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ദൗത്യമാണ് നിർത്തിവെക്കുന്നത്.
രാവിലെ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. വെയിൽ ശക്തമായതിനാൽ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു.
മുളന്തണ്ടിൽ ഒരു വീട് ആന ആക്രമിച്ചു എന്ന വിവരത്തെ തുടർന്ന് അത് അരിക്കൊമ്പനാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അങ്ങോട്ടേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ട്. 301 കോളനിക്ക് സമീപം ഇന്നലെ രാത്രി വരെ അരിക്കൊമ്പനുണ്ടായിരുന്നു. എന്നാൽ ദൗത്യസംഘം കാടുകയറിയതോടെ അനയെ കാണാതായി. രാവിലെ നാലര മണിക്കാണ് സംഘം കാടുകയറിയത്. 150 പേർ ദൗത്യ സംഘത്തിലുണ്ടായിരുന്നു. സമയം കുറയുന്തോറും അരിക്കൊമ്പൻ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയിൽ ശക്തമായാൽ ആനയെ വെടിവയ്ക്കാൻ തടസമേറെയാണ്. വെയിൽ കൂടിയാൽ ആനയെ തണുപ്പിക്കാൻ സൗകര്യം വേണ്ടിവരും. റേഡിയോ കോളർ ഘടിപ്പിക്കാൻ കുടുതൽ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.