ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. പ്രസിഡൻ്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമാ പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യോഗം നിർണായകമാണ്.
ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരേ ആരോപണം ഉയരുകയും സിദ്ദിഖിന് പദവി രാജിവയ്കുകയും ചെയ്യേണ്ടിവന്നത് സംഘടനയെ ബാധിച്ചിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന പറഞ്ഞ സിദ്ദിഖിന് തന്നെ രണ്ടാം ദിവസം സ്ഥാനം ഒഴിയേണ്ടി വരികയായിരുന്നു. ഇതിനിടെ അമ്മ അംഗങ്ങൾക്കിടയിലും ഭിന്നാഭിപ്രായങ്ങൾ ഉയർന്നുവന്നത് വിഷയം സങ്കീർണമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കിടയിലും അമ്മയിലെ അംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. വൈസ് പ്രസിഡൻ്റുമാരായ ജഗദീഷും ജയൻ ചേർത്തലയും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. നടി ഉർവ്വശിയും കടുത്ത നിലപാടുകളാണ് സ്വീകരിച്ചത്.
ജോയിൻ്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോള്‍ ജനറൽ സെക്രട്ടറിയുടെ ചുമതല. സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനയ്ക്ക് മുമ്പിലുണ്ട്. മോഹൻലാൽ കൂടി പങ്കെടുക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം വരും ദിവസങ്ങളിൽതന്നെ നടക്കുമെന്നാണ് സൂചനകൾ.