ഇക്കഴിഞ്ഞ മഴയിൽ ദുബായിൽ ഉണ്ടായ നാശനഷ്ടങ്ങൾ ചെറുതല്ല. കെട്ടിടങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടതും കുത്തിയൊലിച്ചു പോകുന്ന റോഡുകളും വാഹനങ്ങളുമെല്ലാം പതിവ് കാഴ്ച്ചകളായിരുന്നു. മഴ മൂലം നശിച്ച വാഹനങ്ങൾ നന്നാക്കാൻ വർക്ക്‌ഷോപ്പുകളിൽ അനുഭവപ്പെട്ട തിരക്ക് ചെറുതൊന്നുമല്ല. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ദുബായിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളുടെ എക്സ്ക്ലൂസീവ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനി.
അസ്ഥിരമായ കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർക്ക് ബദൽ സംവിധാനം ഒരുക്കുകയാണ് പാർക്കിൻ. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മൾട്ടി ലെവൽ പാർക്കിംഗ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് പാർക്കിനെന്ന് സിഇഒ എൻജി. മുഹമ്മദ് അൽ അലിയും സിഎഫ്ഒ ഖത്താബ് ഒമർ അബു ഖൗദും ഇന്ന് വ്യാഴാഴ്ച്ച പറഞ്ഞു.
‘ഞങ്ങളുടെ പ്ലാറ്റ്ഫോം വിപുലീകരിക്കുന്നതിനുള്ള കൂടുതൽ ഓപ്ഷനുകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനമാണ് ഞങ്ങളുടെ വരുമാനത്തിന്റെ 2 ശതമാനം പ്രതിനിധീകരിക്കുന്ന മൾട്ടി-സ്റ്റോർ പാർക്കിംഗ്. മൾട്ടി ലെവൽ പാർക്കിംഗ് ഉൾക്കൊള്ളാൻ കഴിയുന്ന വ്യത്യസ്ത പ്ലോട്ടുകളും ഞങ്ങളുടെ പക്കലുണ്ട്. മാർച്ചിലെ വിജയകരമായ IPO (പ്രാരംഭ പബ്ലിക് ഓഫർ) ന് ശേഷം വർഷത്തിന്റെ ആദ്യ പാദത്തിൽ പാർക്കിൻ വരുമാനത്തിൽ 8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുമുണ്ട്’- പുതിയ പദ്ധതി വിജയകരമാവുമെന്ന പ്രതീക്ഷയിലാണ് പാർക്കിൻ.