പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ട രാമനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റി. സപ്ലൈകോ ജനറൽ മാനേജർ ആയാണ് പുതിയ നിയമനം. ശ്രീറാമിന്റെ തസ്തികയ്ക്ക് തത്തുല്യമായ മറ്റൊരു തസ്തിക സൃഷ്ടിച്ചാണ് സപ്ലൈകോ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചത്.
കലക്ടറായി നിയമിതനായതിന്റെ ഏഴാം ദിവസമാണ് ശ്രീറാമിനെ സ്ഥാനത്ത് നിന്നും നീക്കിയത്. ജൂലൈ 26 ന് കലക്ടറായി സ്ഥാനമേറ്റ് കലക്ടറേറ്റിൽ എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കഴിഞ്ഞ ആറു ദിവസങ്ങളായി കളക്ട്റേറ്റിന് മുന്നിലും സെക്രട്ടേറിയറ്റിലുമൊക്കെയായി പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു. യു ഡി എഫ് ആറാം തിയതി കാലത്ത് 10 മണിമുതൽ വൈകുന്നേരം അഞ്ചു മണിവരെ കളക്ടറേറ്റിന് മുൻപിൽ സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്തിരിക്കെയാണ് നടപടി. പത്രപ്രവർത്തക യൂണിയനും വിവിധ മുസ്‌ലിം സംഘടനകളും പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തെത്തി. ചില സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിച്ചത്. ഇതിലൂടെ സർക്കാർ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ശ്രീറാമിനെ കളക്ടർ സ്ഥാനത്തു നിന്നും നീക്കിയ നടപടി ഭീരുത്വമാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. മജിസ്‌ട്രേറ്റ് അധികാരത്തോടെയാണ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചിരുന്നത്. അതേസമയം ആലപ്പുഴയില്‍ പുതിയ കലക്ടറായി കൃഷ്ണ തേജ സ്ഥാനമേൽക്കും. 2018 ലെ പ്രളയകാലത്ത് ആലപ്പുഴയില്‍ കൃഷ്ണ തേജ സേവന പ്രവര്‍ത്തനങ്ങളുമായെത്തിയത് ശ്രദ്ധേയമായിരുന്നു.