ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പിന്റെ ചൂട് കാലം കൂടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് വെള്ളിയാഴ്ച്ച തുടക്കം കുറിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നിവോട്ടർമാരായ പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിൽ ഓഫറുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി പ്രവാസി സൗഹൃദമാവുകയാണ് വിമാന കമ്പനി. 18 മുതൽ 22 വരെ പ്രായപരിധിയിലുള്ള വോട്ടർമാർക്കാണ് ഈ കിഴിവ് ലഭിക്കുക. അവരുടെ നിയോജക മണ്ഡലത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ (airindiaexpress.com) മൊബൈൽ ആപ്പിലൂടെയോ ജൂൺ ഒന്നുവരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. എയർ ഇന്ത്യ എക്സ്പ്രസിന്റെ 19ാം വാർഷികത്തിന്റെ ഭാഗം കൂടിയാണ് ഓഫർ പ്രഖ്യാപനം. ഓഫർ ആഭ്യന്തര-അന്താരാഷ്ട്ര സർവിസുകളിൽ ലഭ്യമാണ്.
അതേസമയം, യുവാക്കളിൽ ജനാധിപത്യബോധം വളർത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരെ പങ്കാളികളാക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ‘വോട്ട് അസ് യൂ ആർ’ കാമ്പയിനെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കമേഴ്സ്യൽ ഓഫിസർ ഡോ. അങ്കുർ ഗാർഗ് പറഞ്ഞു. പുതിയതായി അവതരിപ്പിച്ച ചെക്ക് ഇന് ബാഗേജില്ലാത്ത യാത്രക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക് ഇന് ബാഗേജോടുകൂടിയ യാത്രക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ബിസിനസ് ക്ലാസ് സേവനങ്ങളും മറ്റും ലഭിക്കുന്ന എക്സ്പ്രസ് ബിസ്, എത്രതവണ വേണമെങ്കിലും ചേഞ്ച് ഫീ ഇല്ലാതെ യാത്രക്ക് രണ്ടുമണിക്കൂർ മുമ്പുവരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലക്സ് എന്നീ നാല് നിരക്കുകളിലും കന്നിവോട്ടർമാർക്കുള്ള ഓഫർ ലഭിക്കും.