യാത്രക്കാർ ചോദിക്കുന്നു, ഇങ്ങനെ പോയാൽ എയർ ഇന്ത്യാ എക്സ്പ്രസ്സിനെ എങ്ങനെ വിശ്വസിക്കും എന്ന്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് അവതാളത്തിലായ എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവ്വീസുകൾ ഇന്നും മുടങ്ങി.
വിവിധ സർവീസുകൾ റദ്ദാക്കിയതായി രാവിലെയാണ് അറിയിപ്പ് വന്നത്. കണ്ണൂരിൽ നിന്നുള്ള രണ്ട് സർവീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്.
അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകൾ റദ്ദാക്കി. രാവിലെ പുറപ്പെടേണ്ട ദമാം ,ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറിൽ ബാംഗ്ലൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി.
കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്.