പാർക്ക് ചെയ്യുന്നതിനിടയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രക്കിലിടിച്ചു. ഷാർജയിൽ നിന്ന് പുറപ്പെട്ട് സൂറത്തിൽ ലാൻഡ് ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാർക്ക് ചെയ്യുന്നതിനിടയിൽ വിമാനത്തിന്റെ ഡമ്പർ ട്രക്കിലിടിക്കുകയായിരുന്നു.
150 യാത്രക്കാരുമായി വന്ന വിടി-എടിജെ എയർബസ് 320-251എൻ വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അപകടത്തിൽ വിമാനത്തിൻ്റെ ഇടത് ചിറകിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സൂറത്തിൽ ലാൻഡ് ചെയ്തതിന് ശേഷം വിമാനം റൺവേയിൽ നിന്ന് ഏപ്രണിലേക്ക് നീങ്ങുകയും അവിടെ നിന്ന് വീണ്ടും ഇടത്തേയ്ക്ക് തിരിഞ്ഞപ്പോൾ ട്രക്കിൽ ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.