ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അവസാനിച്ചിട്ടും എയർ ഇന്ത്യാ എക്സ്പ്രസ് സർവ്വീസ് പ്രതിസന്ധി തീരുന്നില്ല. എയർ ഇന്ത്യ സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് എയർ ഇൻഡ്യ എക്‌സ്പ്രസ് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തില്ല.
ദമാം, അബുദാബി സർവീസുകളാണ് ഇന്ന് സർവീസ് നടത്താത്തത്. 5.15ന് പുറപ്പെടേണ്ട ദമാം, 9.30ന് പുറപ്പെടേണ്ട അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ പറയുന്നു.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്കു ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്കു ബുക്കിങ് മാറ്റുകയോ ചെയ്യാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ജീവനക്കാരുടെ മിന്നൽ സമരം മൂലം 30 കോടി രൂപ കമ്പനിക്കു നഷ്ടമുണ്ടായതായാണു വിവരം. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയർ ഇന്ത്യയിൽ സർവീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിൻ ക്രൂ ജീവനക്കാർ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര -അന്താരാഷ്ട്ര സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇതുമൂലം റദ്ദാക്കിയത്. അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.