കുറഞ്ഞ ചിലവിൽ വിമാനയാത്ര ഒരുക്കുന്ന അനുബന്ധ എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ലയനത്തിൻ്റെ നിർണായകഘട്ടം പൂർത്തിയായതായി എയർ ഇന്ത്യ ഗ്രൂപ്പ്. ലയന നടപടികളുടെ ഭാഗമായി ഇരു എയർലൈനുകൾക്കും ഏകീകൃത റിസർവേഷൻ സംവിധാനവും സംയോജിത വെബ്സൈറ്റും നിലവിൽ വന്നു. കൂടാതെ സാമൂഹികമാധ്യമങ്ങളിലും ഉപഭോക്ത്യ സേവന മേഖലയിലും ഈ എയർലൈനുകൾക്ക് ഏകീകൃത സംവിധാനമാകും ഉണ്ടാകുക.
എയർ ഏഷ്യ ഇന്ത്യയുടെ പേരിലുള്ള സംവിധാനങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന രീതിയിലാണ് പ്രധാനമായും നടപടികൾ പൂർത്തിയാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി airindiaexpress.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുത്ത് ഉപകമ്പനിയാക്കിയതിന് അഞ്ചു മാസവും, ഇരു എയർലൈനുകളും ഒറ്റ സിഇഒയുടെ നിയന്ത്രണത്തിലേക്കു മാറ്റി മൂന്നു മാസവും പിന്നിടുമ്പോഴാണ് ലയനത്തിലെ ഈ നിർണായക ഘട്ടം പൂർത്തിയായിരിക്കുന്നത്. മറ്റ് ഘട്ടങ്ങളും വരും മാസങ്ങളിൽ പൂർത്തിയാക്കുമെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിൽ 19 സ്ഥലങ്ങളിലേക്കാണ് എയർ ഏഷ്യ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് 19 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 14 രാജ്യാന്തര ഇടങ്ങളിലേക്ക് സർവീസുകൾ നടത്തിവരുന്നു.