ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനല്‍ – ഫൈനല്‍ പോരാട്ടങ്ങൾക്ക് ആവേശമാവുക ‘അൽ ഹിൽമ്’എന്ന് പേര് നൽകിയിരിക്കുന്ന പ്രത്യേക തരം പന്തുകൾ. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ഉപയോഗിച്ച ‘അൽ രിഹ്ല’ പന്തുകൾക്ക് പകരമാണ് നിരവധി സവിശേഷതകൾ നിറഞ്ഞ പുതിയ പന്ത് ഉപയോഗിക്കുക.
സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് പുതിയ പന്ത്. അഡിഡാസാണ് നിര്‍മ്മാതാക്കൾ. കണക്ടഡ് ബാൾ എന്ന ആശയത്തിലുളള പന്ത് ഓഫ്സൈഡ് പോലെയുളള ഫുട്ബോൾ തീരുമാനങ്ങള്‍ വേഗത്തിലും കൃത്യതതിയിലും കണ്ടെത്തുന്നതിന് സഹായിക്കുന്നതാണ്. പന്തിനുള്ളിൽ സ്ഥാപിച്ചിട്ടുളള ഐ.എം.യു സെൻസർ വഴിയാണ് ഡേറ്റകൾ കൈമാറുക.
പരീക്ഷണ ഘട്ടങ്ങളില്‍ മികച്ച ഫലം നല്‍കിയതോടെയാണ് ലോകകപ്പിലെ നിര്‍ണായ മത്സരങ്ങളില്‍ പുതിയ സാങ്കേതിക വിദ്യാ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇതേ സാങ്കേതിക വിദ്യകൾതന്നെ അൽ രിഹ്ലയിലും ഉപയോഗിച്ചിരുന്നു. എന്നാല്‍ സിഗ്നല്‍ വേഗത്തിലും നിറത്തിലും രൂപകല്പനയിലും അല്‍ ഹില്‍മ് പന്തുകൾ മുന്നിട്ടുനില്‍ക്കുമെന്ന് ഫിഫ ഫുട്ബാൾ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ വിഭാഗം വ്യക്തമാക്കി.
ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ 56 മത്സരങ്ങൾക്ക് ഉപയോഗിച്ച ‘അൽ രിഹ്ല’യ്ക്ക് യാത്ര എന്നായിരുന്നു അറബില്‍ അർത്ഥം. അല്‍ ഹില്‍മ് എന്നാല്‍ അറബിയില്‍ ‘ദി ഡ്രീം’ എന്നാണ് അര്‍ഥമെന്നും അഡിഡാസ് സൂചിപ്പിച്ചു. ഡിസംബർ 13 ന് സെമി ഫൈനൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഫിഫയും അഡിഡാസും ചേര്‍ന്ന് പുതിയ പന്ത് അവതരിപ്പിച്ചത്.