ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി നടൻ പ്രേംകുമാർ അധികാരമേറ്റു. നടിയുടെ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്.
ചെയർമാൻ സ്ഥാനം ലഭിച്ചതിൽ വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ പ്രേംകുമാർ പറഞ്ഞു. അക്കാദമിയുടെ ജനാധിപത്യം സ്വഭാവം കാക്കാൻ എപ്പോഴും ശ്രമിക്കും. സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിതാ വരണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റുമെന്നും മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും പ്രേംകുമാർ പറഞ്ഞു.
നേരത്തെ, ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായിരുന്നു പ്രേംകുമാർ. സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ സന്തോഷാണ് പ്രേംകുമാറിന് അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നൽകുന്നതായി ഉത്തരവിറക്കിയത്.