അബുദാബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. നാളെ (ജൂൺ 19) മുതൽ അൽ ഐൻ നഗരത്തിൽ പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുക. നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
പാർക്കിങ് ഏരിയയിൽ ലൈസൻസ് പ്ലേറ്റില്ലാതെ കണ്ടെത്തുന്ന വാഹനങ്ങൾ അൽ ഐൻ വ്യവസായ മേഖലയിലെ മവാഖിഫ് വെഹിക്കിൾ ഇംപൗണ്ടിങ് യാർഡിലേക്ക് കൊണ്ടുപോകും. കൂടാതെ, വാഹനങ്ങൾ വില്പനയ്ക്കായി പ്രദർശിപ്പിക്കുകയോ വാണിജ്യ, പരസ്യം അല്ലെങ്കിൽ പ്രമോഷനൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ പെർമിറ്റ് ഇല്ലാതെയും കാലഹരണപ്പെട്ട പെർമിറ്റ് ഉപയോഗിച്ച് പാർക്കിങ് സ്ഥലം കയ്യേറുകയോ ചെയ്‌താൽ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും.
അബുദാബി മൊബിലിറ്റിയുടെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വിഭാഗം വെഹിക്കിൾ ടോവിങ് നടപടി ആരംഭിച്ചതോടെയാണ് കർശന നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. പൊതുപാർക്കിങ് ഉപയോഗം നിയന്ത്രിക്കുന്നതിന്റെയും നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായ മവാഖിഫ് റെഗുലേഷൻ നിയമം നടപ്പിലാക്കുകയാണ് വാഹന ടോവിങ് സേവനം കൊണ്ട് ലക്ഷ്യമിടുന്നത്. അനുവദനീയമായ സ്ഥലത്ത് പാർക്ക് ചെയ്യുക, വാഹനം ഗതാഗതം തടസപ്പെടുത്താതിരിക്കുക, സുഗമമായ ഗതാഗതം നിലനിർത്തുക, സമൂഹത്തിൻ്റെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.