സഞ്ചാരികളെ ആകർഷിക്കാൻ മികച്ച ഓഫറൊരുക്കി അബുദാബി. അബുദാബി കൾച്ചർ ആന്റ് ടൂറിസം ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയിരുന്ന സർക്കാർ ഫീസ് കുറയ്ക്കാൻ തീരുമാനിച്ചു. ടൂറിസം ഫീസ് ആറ് ശതമാനത്തിൽ നിന്ന് നാല് ശതമാനമാക്കിയാണ് കുറച്ചത്. ഇതിന് പുറമെ മുനിസിപ്പാലിറ്റി ഫീസും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ ഫീസിളവ് പ്രാബല്യത്തിൽ വരും.
ഹോട്ടലുകളിൽ എത്തുന്ന സഞ്ചാരികളിൽ നിന്ന് ഒരു രാത്രിക്ക് ഒരു മുറിയിൽ നിന്ന് ഈടാക്കിയിരുന്ന 15 ദിർഹം മുനിസിപ്പാലിറ്റി ഫീസാണ് പൂർണമായും ഒഴിവാക്കിയത്. കൂടാതെ റസ്റ്റോറന്റുകളിൽ നിന്ന് ഇടാക്കിയിരുന്ന ടൂറിസം ഫീസും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഹോട്ടൽ ബില്ലിന്റെ ഭാഗമായ 4 ശതമാനം മുനിസിപ്പാലിറ്റി ഫീസ് തുടരാനും തീരുമാനിച്ചു.
സർക്കാർ ഫീസുകൾ കുറയുന്നതോടെ അബുദാബിയിലെ ഹോട്ടൽ മുറികളുടെ വാടകയിൽ ഗണ്യമായ കുറവുണ്ടാകും. അബുദാബിയിലേയ്ക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.