ദുബായ് പോലീസിൻ്റെ പെട്രോളിംഗ് വിങ്ങിലേക്ക് ഏറ്റവും പുതിയ ആഡംബര സുരക്ഷാ പട്രോളിംഗ് വാഹനമായ ടെസ്‌ല സൈബർട്രക്കും എത്തിച്ചേർന്നു. പ്രദർശനത്തിൻ്റെ ഭാഗമായി താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സൈബർട്രക്കിനൊപ്പം നിന്ന് സെൽഫിയെടുക്കാൻ അവസരം ഒരുക്കുകയാണ് ദുബായ് പൊലീസ്.
വലിയപെരുന്നാൾ അവധി ദിവസമായ ജൂൺ 18 മുതൽ ജൂൺ 21 വെള്ളിയാഴ്ച വരെയാണ് സെൽഫി എടുക്കാൻ അവസരം ലഭ്യമാകുക. ദുബായ് മാളിന് സമീപം ഐസ് റിങ്കിന് മുന്നിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഇതിനായി അവസരം ലഭിക്കും. പെട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനൊപ്പം ടൂറിസ്റ്റുകൾക്ക് ഉൾപ്പെടെ സുരക്ഷ ശക്തമാക്കുന്നതിന് ആധുനിക വാഹനം പൊലീസിനെ സഹായിക്കുമെന്ന് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി കൂട്ടിച്ചേർത്തു.
പച്ചയും വെളുപ്പും നിറങ്ങളിലുള്ള ലിവറിയിൽ നമ്പർ -5 എന്ന് രേഖപ്പെടുത്തിയ സൈബർട്രക്കിൻ്റെ ചിത്രമാണ് ദുബായ് പൊലീസ് പുറത്തിറക്കിയത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഫ്യൂച്ചറിസ്റ്റിക് വാഹനത്തെ പിന്തുടരുന്നതും ചിത്രിത്തിൽ വ്യക്തമാണ്. ടെസ്‌ലയുടെ സഹസ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക് കൂൾ ഇമോജിയിലൂടെ ദുബായ് പൊലീസിൻ്റെ പോസ്റ്റിന് പ്രതികരണം നൽകിയതും ശ്രദ്ധേയമായി.