ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒരു വിസ ഉപയോഗിച്ച് പ്രവേശനം എളുപ്പമാക്കുന്ന ഏകീകൃത ടൂറിസ് വിസ തീരുമാനത്തെ ഖത്തറിൽ നടക്കുന്ന 44ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി സ്വാഗതം ചെയ്തു. തുടർ നടപടികൾക്ക് ആഭ്യന്തര മന്ത്രിമാരെ ചുമതലപ്പെടുത്താൻ ദോഹയിൽ ചേർന്ന സുപ്രീം കൗൺസിൽ യോഗം തീരമാനിച്ചു. നവംബർ ആദ്യവാരം ഒമാനിൽ ചേർന്ന ജിസിസി ആഭ്യന്തര മന്ത്രിതല സമിതിയാണ് ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകിയത്.
വർഷങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്കും ആസൂത്രണത്തിനും ഒടുവിലായിരുന്നു ഷെൻങ്കൻ മാതൃകയിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് ഏകീകൃത വിസക്ക് അംഗീകാരം നൽകിയത്. ഒരു വിസയിൽ മറ്റ് എൻട്രി പെർമിറ്റുകൾ ആവശ്യമില്ലാതെ തന്നെ എല്ലാ ജിസിസി രാജ്യങ്ങളിലേക്കും സന്ദർശനം സാധ്യമാക്കുന്നതാണ് ഏകീകൃത വിസ പദ്ധതി.
സ്വദേശികളും താമസക്കാരും വിദേശികളും ഉൾപ്പെടെയുള്ളവർ ഏറെ പ്രതീക്ഷയോടെയാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നതിനായി കാത്തിരിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ സമിതിയും മറ്റ് നടപടികളും പൂർത്തിയാക്കിയതിന് ശേഷം 2024 ന്റെ പകുതിയോടെ ഏകീകൃത വിസ പ്രാബല്യ ത്തിൽ വരുമെന്നാണ് പ്രതീക്ഷ.