യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ 10 മുതൽ 35 ശതമാനം വരെ വർധനവ്. കോവിഡിന് ശേഷം ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കൂടിയതും മരുന്നിന്റെയും ചികിത്സയുടെയും ചെലവ് വർധിച്ചതുമാണ് നിരക്ക് കൂടാൻ കാരണമായതെന്നാണ് ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കുന്നത്. 3 മാസത്തിനിടെ ഇരുപതോളം ഇൻഷുറൻസ് കമ്പനികളാണ് ഇത്തരത്തിൽ പ്രീമിയം വർധിപ്പിച്ചത്. വരും ദിവസങ്ങളിൽ മറ്റ് കമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
4,000 ദിർഹത്തിൽ കൂടുതൽ ശമ്പളമുള്ള 18 വയസിനും 45 വയസിനിടയിൽ പ്രായമുള്ള വനിതകളുടെ ഇൻഷുറൻസ് പ്രീമിയം 10 ശതമാനമാണ് വർധിപ്പിച്ചത്. ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ളവരുടെ പ്രീമിയം 20 ശതമാനം മുതൽ 30 ശതമാനം വരെയും കൂട്ടി. എന്നാൽ 4,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവരുടെ പ്രീമിയം വർധിപ്പിച്ചിട്ടില്ലെന്നാണ് ചില ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കിയത്.
യുഎഇയിലെ ജോലിക്കാർക്ക് കമ്പനികൾ ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും അവരുടെ കുടുംബാംഗങ്ങളുടെ ഇൻഷുറൻസ് തുക വ്യക്തികൾ സ്വന്തമായാണ് വഹിക്കുന്നത്. ചില കമ്പനികൾ മാത്രമാണ് കുടുംബാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. ഇതോടെ നാലുപേർ ഉൾപ്പെട്ട കുടുംബത്തിന് താരതമ്യേന നല്ല ചികിത്സ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസിനായി വർഷത്തിൽ ഏകദേശം 10,000 ദിർഹം നീക്കിവെയ്ക്കണം എന്ന സ്ഥിതിയിലാണ്. ഇത് പ്രവാസികൾ ഉൾപ്പെട്ട സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുകയും ചെയ്യും.