മക്കയിലേക്ക് എത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും വാഹനങ്ങൾ നിർത്തുന്നതിന് വേണ്ടി പുതിയ 11 പാർക്കിങ് സ്ഥലങ്ങൾ കൂടി ഒരുക്കിയതായി ട്രാഫിക് വകുപ്പ് അറിയിച്ചു. പൊതുഗതാഗത സംവിധാനത്തിലൂടെ തീർഥാടകർക്ക് ഹറമിലേക്കും തിരിച്ചും പോകാൻ കഴിയും വിധത്തിലാണ് പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്ക് അവരുടെ ഉംറ കർമങ്ങൾ തടസ്സങ്ങൾ കൂടാതെ നിർവഹിക്കാൻ വേണ്ടിയാണിത്.
ഹറമിനോട് ചേർന്ന് ആറ് പാർക്കിങ് പോയൻറുകൾ ഒരുക്കിയിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം വിശദീകരിച്ചു. ജംറാത്ത് പാർക്കിങ്,അമീർ മുത്ഇബ് പാർക്കിങ്, ദഖം അൽവബർ പാർക്കിങ്, കുദായ് പാർക്കിങ്, അൽസാഹിർ പാർക്കിങ്, റുസൈഫ പാർക്കിങ് എന്നിവയാണിവ. ഇത് കൂടാതെ മക്ക പ്രവേശന കവാടങ്ങൾക്കടുത്ത് അഞ്ച് പാർക്കിങ്ങുകളുമുണ്ട്. ജിദ്ദ എക്സ്പ്രസ് പാർക്കിങ്, അൽശറായ് പാർക്കിങ്, അൽലെയ്ത്ത് പാർക്കിങ്, അൽഹദ പാർക്കിങ്, അൽനൂരിയ പാർക്കിങ് എന്നിവയാണത്. അതേസമയം റമദാന്റെ തുടക്കത്തിൽ തന്നെ മക്കയിലേക്ക് വരുന്ന തീർഥാടകരുടെയും സന്ദർശകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നേരത്തേ തന്നെ പുറത്തിറക്കിയിരുന്നു.