പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ 11 അംഗ മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രി ഉൾപ്പെടെ 11 പേരും മുൻ മന്ത്രിസഭയിലെ അംഗങ്ങളാണ്. സാദ് അൽ ബറാക് ആണ് എണ്ണ മന്ത്രി. മനാഫ് അൽ ഹാജിരിയെ ധനമന്ത്രിയായും ഷെയ്ഖ് അഹ്മദ് അൽ ഫഹദ് അൽ സബാഹിനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയായും നിയമിച്ചു. ഒരു വർഷത്തിനിടെ രൂപീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിസഭയാണിത്.
ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് പുതിയ മന്ത്രിസഭാംഗങ്ങൾ അധികാരമേറ്റത്. ഈ മാസം ആറിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഒരു വർഷത്തിനിടെ നാലാം തവണയാണ് അമീറിന്റെ മകനായ ഷെയ്ഖ് അഹ്മദ് നവാഫിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്. നേരത്തെ 3 തവണ പാർലമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹ് (പ്രധാനമന്ത്രി), ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽ സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരം), ഷെയ്ഖ് അഹ്മദ് അൽ ഫഹദ് അൽ സബാഹ് (ഉപപ്രധാനമന്ത്രി, പ്രതിരോധം), ഇസ അഹ്മദ് മുഹമ്മദ് അൽ കന്ദരി (ഉപപ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രി, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി), ഡോ. സാദ് ഹമദ് നാസർ അൽ ബറാക്ക് (ഉപപ്രധാന മന്ത്രി, എണ്ണ, സാമ്പത്തിക കാര്യസഹമന്ത്രി), ഫഹദ് അലി സായിദ് അൽ ഷൂല (മുനിസിപ്പൽ കാര്യമന്ത്രി, വാർത്താവിനിമയ സഹമന്ത്രി), അബ്ദുറഹ്മാൻ അൽ മുതൈരി (ഇൻഫർമേഷൻ, ഔഖാഫ് ആൻഡ് ഇസ്ലാമിക കാര്യമന്ത്രി), ഡോ. അഹ്മദ് അൽ അവാദി (ആരോഗ്യം), അമാനി ബോഗമ്മാസ് (പൊതുമരാമത്ത്), അബ്ദുറഹ്മാൻ അൽ മുതൈരി (ഇൻഫർമേഷൻ, ഔഖാഫ് ആൻഡ് ഇസ്ലാമിക കാര്യമന്ത്രി), ഫിറാസ് അൽ സബാഹ് (സാമൂഹിക, ശിശു കുടുംബ ക്ഷേമം) എന്നിങ്ങനെയാണ് മന്ത്രിമാരും അവർക്ക് നൽകപ്പെട്ട വകുപ്പുകളും.