യൂട്യൂബ് ബ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പാണ്ഡവ ലഹള’ എന്ന സിനിമയിലൂടെയാണ് ശോഭന വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. ഇതിനോടകം നിരവധി റീൽസ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസിൽ ശോഭന ഇടംനേടിയിട്ടുണ്ട്.
ശോഭന മാത്രമല്ല ശ്രീകാന്ത് വെട്ടിയാരും ഈ സിനിമയിൽ വേഷമിടുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അഭിനയിക്കുകയാണെന്ന് തോന്നിക്കാത്ത വിധത്തിൽ ജീവിക്കുന്ന പ്രകടനമാണ് ശോഭന എപ്പോഴും കാഴ്ചവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് വലിയ ആരാധക പിൻബലവുമുണ്ട്. ഇരുവർക്കും പുറമെ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
മുഴുനീള ഹാസ്യ സിനിമ എന്ന നിലയിലാണ് പാണ്ഡവ ലഹള ഒരുക്കുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവർ നിർമ്മിക്കുന്ന എട്ടാമത്തെ സിനിമയാണിത്. സാമൂഹ്യമാധ്യമങ്ങളിൽ ട്രെന്റിങ് ആയ അമ്മയുടെയും മകന്റെയും പ്രകടനം ഇനി ആരാധകർക്ക് ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാം.