ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുകയാണ് മൂന്ന് വനിതാ റഫറിമാർ. ഇന്ന് ഇന്ത്യൻ സമയം രാത്ര 12.30ന് നടക്കുന്ന കോസ്റ്ററിക്ക– ജർമനി മത്സരം നിയന്ത്രിക്കാൻ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇറങ്ങുന്ന 3 റഫറിമാരും വനിതകളായിരിക്കും.
ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ഇതിലെ പ്രധാന റഫറി. അസിസ്റ്റൻ്റ് റഫറിമാരായി ബ്രസീലിൽ നിന്നുള്ള നൂസ ബെബെക്കും മെക്സിക്കോയിൽനിന്നുള്ള കരെൻ ഡയസും കൂട്ടിനുണ്ടാകും. ഫിഫ പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ നിയന്ത്രിക്കുന്ന മത്സരം എന്ന റെക്കോർഡ് കോസ്റ്റാറിക്ക-ജർമനി മത്സരം സ്വന്തമാക്കും.
കഴിഞ്ഞയാഴ്ച പോളണ്ട്-മെക്സിക്കോ മത്സരത്തിൽ ഫോർത്ത് ഒഫിഷ്യൽ ആയതോടെ പുരുഷ ലോകകപ്പിലെ പ്രഥമ വനിതാ ഒഫീഷ്യൽ എന്ന നേട്ടം സ്റ്റെഫാനി ഫ്രപ്പാർട്ട് നേടിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിലും ചാംപ്യൻസ് ലീഗിലും പ്രഥമ വനിതാ റഫറി എന്ന ബഹുമതിയും മുപ്പത്തിയെട്ടുകാരിയായ ഫ്രപ്പാർട്ടിന് സ്വന്തം.റുവാണ്ടയിൽ നിന്ന് സലിമ മുകൻസംഘ, ജപ്പാനിൽ നിന്ന് യംഷിത യോഷ്മി, യുഎസിൽ നിന്ന് കാതറീൻ നെസ്ബിറ്റ് എന്നിവരും ലോകകപ്പിലെ 129 അംഗ റഫറി സംഘത്തിലുണ്ട്.