കേരളത്തിലേക്ക് വരാൻ വിമാനങ്ങൾ കുറവാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ കേരളത്തിലേക്ക് എത്താനുള്ള വിമാനങ്ങൾ വളരെ കുറവാണ്. കേരളത്തിലെ ടൂറിസം വിജയിക്കണമെങ്കിൽ ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടണമെന്നും എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയർലൈൻസ് തുടങ്ങിക്കൂടായെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു.യുവ സംരംഭകർക്കുള്ള ബിസിനസ് കേരള മാഗസിൻ പുരസ്കാര വേദിയിൽ സംസാരിക്കുകയായിരുന്നു താരം. മുൻ വ്യവസായ മന്ത്രിയും എൽഎഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജന്റെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു.
‘ഒരു ബിസിനസുകാരൻ ആകരുത് എന്ന് ആഗ്രഹിച്ചു വന്ന ആളാണ് ഞാൻ. എന്റെ ഡാഡി ബിസിനസുകാരനായിരുന്നു. അച്ഛൻമാർ ചെയ്യുന്നത് ചെയ്യാതിരിക്കാനാണ് ആദ്യത്തെ ആൺമക്കൾ ശ്രദ്ധിക്കാറ്. ചെറുപ്പം മുതലേ അഭിനയത്തോടാണ് എനിക്ക് ഇഷ്ടം. ജനിച്ചു വളർന്ന കാലഘട്ടം മുതൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും സിനിമയാണ്. തിയറ്ററുകളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽ കാണുന്ന പെർഫോമസൻസ്. ആ വ്യവസായം കേരളത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിലധികം കേരളത്തിൽ ആ കാലഘട്ടത്തിൽ ജനിച്ചു വളർന്ന നാമെല്ലാവരെയും അത് സ്വാധീനിച്ചു. ആ വ്യവസായം തുടർന്നും നിലനിന്നുപോകാനായി നമ്മളെല്ലാവരും ശ്രമിക്കണമെന്നും ഷൈൻ പറഞ്ഞു.
അതേസമയം ബ്രിട്ടിഷുകാരെയും മറ്റ് രാജ്യക്കാരെയും നമ്മൾ 1947ൽ പുറത്താക്കിയെങ്കിലും അവരിപ്പോള്‍ അവരുടെ വീടുകളിലിരുന്നാണ് ഭരണം തുടരുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളായും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളായും അവർ അവരുടെ വീട്ടിലിരുന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന വ്യവസായത്തിന്റെ മുക്കാല്‍ പങ്കും കൊണ്ടുപോകുകയാണ്. സിനിമ തന്നെ ഏറ്റവും വലിയ ഉദാഹരണം. നമ്മുടെ നാട്ടിൽ തന്നെ നടക്കുന്ന സിനിമയുടെ പ്രധാന കച്ചവടക്കാർ നെറ്റ്ഫ്ലിക്സും പ്രൈമും ആണ് എന്നും താരം കൂട്ടിച്ചേർത്തു.
ഇതിലൂടെ നമ്മുടെ നാടിന് ഉപകരിക്കുന്ന നികുതി അവരുടെ വീട്ടിലേക്കാണ് പോകുന്നത്. ഒരു വ്യവസായം എന്ന രീതിയിൽ നമ്മുടെ നാട്ടിലെ ആളുകളാണ് ആ കച്ചവടം ആദ്യം നടത്തേണ്ടത്. നമ്മുടെ ആളുകൾ പറയുന്നതാണ് അതിന്റെ വില, അവരല്ല അത് തീരുമാനിക്കേണ്ടത്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽെപടുത്തണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. കാരണം 20 ദിവസം കഴിഞ്ഞ് സിനിമ ഒടിടിയിൽ കൊടുക്കുമ്പോൾ കാലക്രമേണ തിയറ്റർ എന്ന വ്യവസായം അപ്പാടെ ഇല്ലാതാകും. തിയറ്ററിലേക്ക് ആളുകൾ വരാതെയാകും. സിനിമ എന്നെ പ്രചോദിപ്പിച്ചത് തിയറ്ററിൽനിന്നു കണ്ടതുകൊണ്ടാണ്. ആ വ്യവസായം ഒരിക്കലും കൈവിട്ടുകളയരുത്. മാത്രമല്ല, കോവിഡ് വന്ന് ലോകത്തെ എല്ലാ ഇൻഡസ്ട്രിയും നിലച്ചപ്പോൾ മലയാളത്തിൽ നിന്ന് മാത്രമാണ് തുടർച്ചയായ റിലീസുകള്‍ ഉണ്ടായത്. ചെറിയ സംസ്ഥാനത്തുനിന്ന് ചെലവു കുറച്ച് ക്വാളിറ്റി ചിത്രങ്ങൾ ഉണ്ടാക്കുന്നത് മലയാളത്തിൽ നിന്ന് മാത്രമാണ് എന്നും ഷൈൻ വാദിച്ചു.
അതേസമയം ടൂറിസത്തിന്റെ കാര്യം പറയുകയാണെങ്കിൽ ഏറ്റവും സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ ഇക്കാലത്ത് ടൂറിസ്റ്റുകൾ ആദ്യം നോക്കുന്നത് ഫ്ലൈറ്റുകളുടെ എണ്ണമാണ്. ബെംഗളൂരുവിൽ നിന്ന് ഫ്ലൈറ്റ് കേരളത്തിലേക്കില്ല. രാവിലെ ഒരു ഫ്ലൈറ്റ് ഉണ്ടാകും, ടിക്കറ്റി ന് നാലായിരവും അയ്യായിരവും രൂപയും വാങ്ങും. പിന്നെ ഉള്ളത് കണക്ഷൻ ഫ്ലൈറ്റുകളാണ്. അതിനൊക്കെ ഇരുപത്തിരണ്ടായിരവും ഇരുപത്തിഅയ്യായിരവും രൂപ കൊടുക്കേണ്ടി വരും. ദുബായില്‍ നിന്നുപോലും രാവിലെ കേരളത്തിലേക്ക് വിമാനമില്ല എന്നത് ദുരവസ്ഥയാണ്.
ടൂറിസം വിജയിക്കണമെങ്കിലും വളരണമെങ്കിലും ആ നാട്ടിലേക്ക് ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടേണ്ടത് ആവശ്യമാണ്. എന്നാൽ പോലും ഏറ്റവും കൂടുതല്‍ സഞ്ചാരികളുള്ളത് കേരളത്തിലേക്കാണ്. ഞാൻ യാത്ര ചെയ്യുന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്. ഹൈദരാബാദിലും മുംബൈയിലും ചെന്നൈയിലും ഒക്കെ പോകുമ്പോൾ കേരളത്തിലേക്ക് വരാനും പോകാനും വിമാനങ്ങൾ കുറവാണ്. എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയർലൈൻസ് തുടങ്ങിക്കൂടാ? അത് വളരെയധികം ഉപയോഗ പ്രദമാകുമെന്നും ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു.